ശനിയാഴ്‌ച, ജൂൺ 09, 2012

ഒരു നില വിളക്കും കുറേ നിലവിളികളും


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാംസ്കാരിക കേരളം കേള്‍ക്കാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത വിവാദങ്ങള്‍ ആണ് ഉയര്‍ന്നു കേള്‍ക്കുന്നത്. സംസ്കാര സമ്പന്നരും വിദ്യാ സമ്പന്നരും എന്ന്  അവകാശപ്പെടുന്ന നാം  ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നതും അതിന്‍റെ പുറകെ പോകുന്നതും അതിന്‍റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ കാറ്റ് അടങ്ങാതെ  നില നിറുത്തുന്നതും നമ്മുടെ    അഭിമാനകരമായ മതേതര പാരമ്പര്യത്തിന് . നാനാത്വത്തില്‍   ഏകത്വം എന്ന സവിശേഷത കണ്ണിലെ  കൃഷ്ണ മണി പോലെ നില നിറുത്തുകയും ഒരു മാലയില്‍ കോര്‍ത്ത മുത്ത്‌ മണികളെ പോലെ തോളോട് തോളുരുമ്മി ജീവിക്കുകയും ചെയ്യുന്ന  നാം ധ്രുവീകരണം ലക്‌ഷ്യം വെക്കുന്ന ചര്‍ച്ചകളെ പാടെ അവഗണിക്കേണ്ടതാണ്.

മുഖ്യ  ധാരാ മാധ്യമങ്ങള്‍  എല്ലാം  അവഗണിച്ച ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വിവാദ വിഷയം. ബഹു. വിദ്യാഭ്യാസ മന്ത്രി അബ്ദു റബ് ഒരു ചടങ്ങില്‍ നില വിലക്ക് കൊളുത്താന്‍ വിസമ്മതിച്ചു എന്ന ഒരു മഞ്ഞ പത്ര വാര്‍ത്ത ചിലര്‍ വര്‍ഗ്ഗീയ വല്‍ക്കരിക്കുന്നതു അപമാനകരമാണ്.  അദ്ദേഹം  എന്തോ  വലിയ  അപരാധം ചെയ്തു; ഇന്ത്യന്‍ മതേതരത്വം  ഇതാ അപകടത്തില്‍ എന്ന തരത്തിലാണ് വിവാദങ്ങള്‍ കൊഴുക്കുന്നത്.

ഒരാള്‍ നില വിളക്ക് കൊളുത്താന്‍ വിസമ്മതിച്ചാല്‍ ഒലിച്ചു പോകുന്നതാണോ നമ്മുടെ മഹത്തായ ഇന്ത്യന്‍ മതേതരത്വം? ആറു പതിറ്റാണ്ടില്‍ അധികം  കാലം ലോകത്തിനു മുന്‍പില്‍ അഭിമാനത്തോടെ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന നമ്മുടെ ഭരണ ഘടന അതി ശക്തവും ദീര്‍ഘ വീക്ഷണത്തോടെ എഴുതി വെക്കപ്പെട്ടതുമാണ്. ഭിന്ന വിശ്വാസ ധാരകളെ ഒരു പോലെ കാണുന്ന ഭരണ ഘടന ഒരു പ്രത്യേക വിഭാഗത്തിന്‍റെ വിശ്വാസത്തോടും കൂറ് പുലര്‍ത്തുന്നില്ലെന്നും സ്വയം വിശധീകരിക്കുന്നു.  എല്ലാ മതങ്ങളെയും ഒരു പോലെ ഉള്‍ക്കൊള്ളുന്ന  ഒരു ഭരണ ഘടന, എല്ലാ മതക്കാര്‍ക്കും  നീതിയും ആരാധനാ സ്വാതന്ത്ര്യവും അനുവദിക്കുന്ന ഭരണ ഘടന നെഞ്ചോടു ചേര്‍ത്ത് പിടിക്കേണ്ടവര്‍ ആണ് നാം.

ഈ ഭരണ ഘടനയനുസരിച്ച് ഒരാള്‍ക്ക്‌ താന്‍ ഇഷ്ടപ്പെടുന്ന മതം സ്വീകരി ക്കാനും ആ മതമനുസരിച്ചു ജീവിക്കാനും ആ മതം പ്രചരിപ്പിക്കാനും മൌലികാവകാശം  വക വെച്ച് നല്‍കുന്നു.  ഭരണ ഘടനാനുസ്രിതമായ  അവകാശമായതിനാല്‍ ഈ അവകാശം നിഷേധിക്കപ്പെട്ടാല്‍  ഒരാള്‍ക്ക്‌ സുപ്രീം കോടതി വരെ പോയി അത് നേടിയെടുക്കാനും നമ്മുടെ ഭരണ ഘടന അവകാശം നല്‍കുന്നു. അതായത് ഈ  അവകാശം ആരെങ്കിലും  കുമ്പിളില്‍ വെച്ച് നീട്ടിയ ഔദാര്യം അല്ലെന്നര്‍ത്ഥം?  ഈ സ്വാതന്ത്ര്യവും അവകാശവും ഒരാള്‍ ഉപയോഗപ്പെടുത്തുന്നതില്‍ എന്താണ്  തെറ്റ്?

നില വിളക്ക്  കൊളു
ത്തുന്നതും കൊളുത്താതിരിക്കുന്നതും ചിലരുടെ  വിശ്വാസത്തിന്‍റെ ഭാഗമാണ്. വിശ്വാസമായതിനാല്‍ തന്നെ   വിശ്വാസ സ്വാതന്ത്ര്യം നില നില്‍ക്കുന്ന ഒരു രാജ്യത്ത് തന്‍റെ വിശ്വാസമനുസരിച്ച് പ്രവര്‍ത്തിക്കാനും പ്രവര്ത്തിക്കാതിരിക്കാനും ഭരണ ഘടനാനുസൃതമായ അവകാശം ഓരോ പൌരനും ഉണ്ട്. അയാള്‍ മന്ത്രിയായാലും  തന്ത്രിയായാലും മൌലികാവകാശം മൌലികാവകാശം തന്നെ. നില വിളക്ക് കൊളുത്തിയാല്‍  മതേതരം ആവുകയോ കൊളുത്താതിരുന്നാല്‍ ആവാതിരിക്കുകയോ ചെയ്യുന്നില്ല. നില വിളക്ക് കൊളുത്തി തന്‍റെ മതേതരത്വം തെളിയിക്കേണ്ട ഗതികേടിലേക്ക് നമ്മുടെ ഭരണ ഘടന ഒരു പൌരനെ തള്ളി  വിടുന്നുമില്ല. ചുരുക്കി പറഞ്ഞാല്‍ ഒരാള്‍ക്ക്‌ (അയാള്‍ ആരോ ആവട്ടെ ) വിളക്ക് കൊളുത്താനും കൊളുത്താതിരിക്കാനും അവകാശമുണ്ട്‌. ആ അവകാശം അവകാശമായി തന്നെ നില നില്‍ക്കുമ്പോളാണ് നമ്മുടെ
ഭരണ  ഘടനയുടെ  മതേതര സ്വഭാവം പ്രശോഭിതമായി നില നില്‍ക്കുന്നത്. അതിനാല്‍  തന്നെ നില വിളക്ക് കൊളുത്തുന്നവരെ അതില്‍  നിന്ന് തടയുന്നതും 
കൊളുത്താതിരിക്കുന്നവരെ കൊളുത്താന്‍ നിര്‍ബന്ധിക്കുന്നതും മൌലികാവകാശ ലംഘനവും ഭരണ ഘടനാ വിരുദ്ധവുമാണ്.

മറ്റേതു മതത്തെയും പോലെ ഇസ്ലാമിലും ചില ആചാരങ്ങളും അനാചാരങ്ങളും ഉണ്ട്. ചില മതങ്ങളുടെ  ആചാര അനുഷ്ടാനങ്ങള്‍ ചിലപ്പോള്‍ മറ്റു മതങ്ങളില്‍ അനാചാരം ആയേക്കാം.മറ്റു മതക്കാര്‍ക്ക് അനാചാരം എന്ന് തോന്നുന്നവ വേറെ മതത്തില്‍ ഒരു പക്ഷെ ആചാരങ്ങളും ആയേക്കാം. അത് കൊണ്ട് തന്നെയാണല്ലോ നമ്മുടെ മതങ്ങള്‍ ആചാര അനുഷ്ടാനങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്നത്? ഒരു മത വിശ്വാസിക്ക്  തന്‍റെ വിശ്വാസങ്ങളിലെ ആചാരങ്ങള്‍ അനുഷ്ടിക്കാനും അനാചാരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനും  മൌലികാവകാശം ഉണ്ട്. ഇവിടെ നില വിളക്ക് കൊളുത്തുന്ന  വിഷയത്തില്‍ ഇസ്ലാം മത വിശ്വാസിയായ ബഹു. അബ്ദു
ബ്ബിനു തന്‍റെ മതത്തില്‍ ഇല്ലാത്തതും അതിനാല്‍ തന്നെ തന്‍റെ വിശ്വാസമനുസരിച്ച്  അനാചാരം ആയതുമായ നിലവിളക്ക് കൊളുത്താന്‍ വിസമ്മതിക്കാന്‍  അവകാശമുണ്ട്‌. ഒരു മന്ത്രിയായി കൊണ്ട്  തന്നെ അദ്ദേഹത്തിന് ആ അവകാശം ഉപയോഗപ്പെടുത്താവുന്നതാണ് കാരണം മൌലികാവകാശം പണയം വെച്ച് കൊണ്ടല്ല ആരും അധികാരം  ഏറ്റെടുക്കുന്നത്. ഇസ്ലാമില്‍ വ്യക്തി ജീവിതവും വിശ്വാസവും വേര്‍തിരിച്ചു നിറുത്താനാവില്ല. മറ്റൊരു  തരത്തില്‍ പറഞ്ഞാല്‍ ജീവിതം തന്നെയാണ് ആരാധന. അതിനാല്‍ തന്നെ വ്യക്തി ജീവിതത്തില്‍ പാലിക്കേണ്ട സൂക്ഷ്മത സാമൂഹ്യ ജീവിതത്തിലും പുലര്‍ത്തണം എന്നും ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. ഈ നിര്‍ദേശം പാലിക്കാന്‍ നമ്മുടെ ഭരണ ഘടന അവകാശവും നല്‍കുന്നു.

നില വിളക്ക്
കൊളുത്തുന്നവനും  കൊളുത്താത്തവനും നെറ്റിയില്‍ ഭസ്മ കുറിയിട്ടവനും നിസ്കാര  തഴമ്പുള്ളവനും കുരിശു മാലയണിഞ്ഞവനും ഒരേ വേദി പങ്കിടുമ്പോഴല്ലേ യഥാര്‍ത്ഥത്തില്‍ നമ്മുടെ മതേതരത്വം ആദരിക്കപ്പെടുന്നത്? അല്ലാതെ വിളക്ക് കൊളുത്തുന്നവനെ തടയുകയും കൊളുത്താതിരിക്കുന്നവനെ കൊളുത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്യുമ്പോഴല്ല. അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ മതേതരത്വവും മൌലികാവകാശവും നിഷേധിക്കപ്പെടുകയാണ്. ഈ സാമാന്യ ബോധത്തിന് മേല്‍ വര്‍ഗ്ഗീയതയുടെ  കാളിമ പടരാതിരിക്കട്ടെ. !!!