ബുധനാഴ്‌ച, ജൂൺ 27, 2012

മഴക്കാലത്ത് പൊടിയുന്ന 'സന്തുലന' പാറ്റകള്‍!


മതേതരത്വമാണ് കേരളത്തിന്‍റെ മുഖ മുദ്ര.കേരളം എന്നും ഓര്‍ത്തിരിക്കേണ്ട ഒരു മുദ്രാവാക്യമുണ്ട്. 'മന്നം, പട്ടം, ശങ്കര്‍, ബാഫഖി തങ്ങള്‍ സിന്ദാ ബാദ് ..' വിമോചന സമരത്തോടൊപ്പം കേരളത്തിന്‍റെ  സാമുദായിക മൈത്രിയുടെ മധുരിക്കുന്ന ഓര്‍മ്മകള്‍ ചികയുന്നു  ഈ മുദ്രാ വാക്യം. കുഞ്ഞായിന്‍ മുസ്ലിയാരും മങ്ങാട്ടച്ചനും, സാമൂതിരിയും കുഞ്ഞാലി മരക്കാരും തോളോട് തോളുരിമ്മി നിന്ന ചരിത്ര ചിത്രങ്ങള്‍  മലയാള മണ്ണിന്‍റെ സുകൃതമാണ്. ആ നന്മ ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഇവിടെ നില നില്‍ക്കേണ്ടത് നാടിന്‍റെ കെട്ടുറപ്പിന്  അത്യാവശ്യവുമാണ്.

ചരിത്രപരമായ കാരണങ്ങളാല്‍ സമൂഹത്തിന്‍റെ മുഖ്യ ധാരയില്‍ നിന്ന് പുറകോട്ടു പോയവരാണ്  ഇന്ത്യയിലെ ന്യൂന പക്ഷങ്ങള്‍. കേരളത്തിലെ മുസ്ലിം സമുദായവും അതിനപവാദമല്ല. ഖിലാഫത്ത് സമരവും മലബാര്‍ കലാപവും ബ്രിട്ടീഷ് വിരുദ്ധ ചെറുത്തു നില്‍പ്പുകളും കേരളത്തിലെ ന്യൂന പക്ഷ സമുദായത്തെ പുറകോട്ടടിച്ചു. "സ്വരാജ്യ സ്നേഹം വിശ്വാസത്തിന്‍റെ ഭാഗമാണ്" എന്ന പ്രവാചക   വചനത്തില്‍ വിശ്വസിക്കുന്ന മാപ്പിളമാര്‍ കയ്യും മെയ്യും മറന്നു വൈദേശിക ആധിപത്യത്തിന് എതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയും പൊന്നാനിയിലെ സൈനുദീന്‍ മഖ്ദൂമിനെ പോലെയുള്ള ഇസ്ലാമിക പണ്ഡിതന്മാര്‍ 'തുഹ്ഫതുല്‍ മുജാഹിദീന്‍ ' പോലുള്ള ഗ്രന്ഥങ്ങള്‍ രചിച്ച് ഈ പോരാട്ടങ്ങള്‍ക്ക് ആത്മീയ ആവേശം പകരുകയും ചെയ്തപ്പോള്‍ അവരില്‍ നിന്ന് കുഞ്ഞാലി മരയ്ക്കാരും ആലി മുസ്ലിയാരും വാരിയന്‍ കുന്നത് കുഞ്ഞഹമ്മദ്  ഹാജിയും മുഹമ്മദു അബ്ദുറഹ്മാന്‍ സാഹിബും തുടങ്ങിയ ധീര ദേശാഭിമാനികള്‍ പിറവിയെടുക്കുകയുണ്ടായി.മമ്പുറം തങ്ങളെ പോലുള്ളവര്‍ ഈ പോരാട്ടങ്ങള്‍ക്ക് മുന്‍ നിരയില്‍ നിന്ന് നേതൃത്വം നല്‍കിയതും ചരിത്രത്തിന്‍റെ ഭാഗമാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് പഞാബില്‍ പോലും കാണാത്തത്ര പട്ടാള ക്യാമ്പുകള്‍ മലബാറില്‍ ഉണ്ടായിരുന്നുവെന്ന ചരിത്ര സത്യം ഈ വസ്തുതയ്ക്ക്  അടിവരയിടുന്നു.

ബ്രിട്ടീഷ് വിരോധം കൊണ്ട് അവര്‍ കൊണ്ട് വന്ന വിദ്യഭ്യാസവും ഇന്ഗ്ലീഷ് ഭാഷയും വരെ ഹറാമായി കണ്ട ഈ സമുദായം വിദ്യഭ്യാസ രംഗത്ത് ഏറെ പിറകോട്ടു പോവുകയുണ്ടായി.  അതിനു പുറമേ മലബാര്‍ കലാപം തകര്‍ത്തെറിഞ്ഞ സാമൂഹ്യ സാമ്പത്തിക മേഖലകളും സമുദായത്തിന്‍റെ ഈ ദുരവസ്ഥയ്ക്ക് ആക്കം കൂട്ടുകയുണ്ടായി. ഇന്ത്യാ മഹാരാജ്യം സ്വതന്ത്രമായപ്പോള്‍ നിരാലംബരുടെയും നിരക്ഷരരുടെയും യതീമുകളുടെയും സമുദായമായി മാറിയിരുന്നു മാപ്പിള സമുദായം.

സ്വാതന്ത്രാനന്തരം ചരിത്രപരമായ ദൌത്യമാണ് മുസ്ലിം ലീഗ് ഏറ്റെടുത്തത്. മതേതരത്വവും മത സ്വാതന്ത്ര്യവും ഉറപ്പു വരുത്തുന്ന നമ്മുടെ രാജ്യത്തിന്‍റെ ഭരണ ഘടന സമിതിയില്‍ അന്ഗത്വം നേടുകയും ആ ഭരണഘടനയുടെ താഴെ ഒപ്പ് വെക്കുകയും ചെയ്ത ഖായിദെ മില്ലത്ത് ഇസ്മായീല്‍ സാഹിബാണ്‌  ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്‍റെ സ്ഥാപക നേതാവ്. ചരിത്രപരമായി പുറകോട്ടു പോയ സമുദായത്തെ സമൂഹത്തിന്‍റെ മുഖ്യ ധാരയില്‍ എത്തിക്കുക എന്ന ഭാരിച്ച  കടമ്പയായിരുന്നു ലീഗിന് മുന്നില്‍ ഉണ്ടായിരുന്നത്. ജനാധിപത്യത്തിലേക്ക് അവരെ കൊണ്ട് വന്ന് ഭരണ ഘടനാനുസൃതമായ അവകാശങ്ങള്‍ക്കായി  ബാലറ്റ് പെട്ടിയിലൂടെയുള്ള അവകാശ സമരങ്ങളുടെ കര്‍മ്മ പഥത്തിലേക്ക് കൈ പിടിച്ചു നടത്തിക്കുകയായിരുന്നു ലീഗ്. അതോടൊപ്പം സമൂഹത്തിന്‍റെ മുഖ്യ ധാര വിട്ട് സായുധ പോരാട്ടങ്ങളുടെ വഴികളിലേക്കും വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്കും അവരെ വഴി തെറ്റാതെ കൊണ്ട് പോകാന്‍ മുസ്ലിം ലീഗിന് സാധിച്ചു.

  സമൂഹത്തിന്‍റെ പൊതു ധാരയിലൂടെ നടക്കുകയും സാമുദായിക മൈത്രിയുടെ സാമൂഹിക അന്തരീക്ഷം കെട്ടിപ്പടുക്കുകയും ചെയ്യാന്‍ ലീഗിന് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. സമുദായത്തിന്‍റെ ഭരണ ഘടനാ പരമായ അവകാശങ്ങള്‍ക്ക് വേണ്ടി  നില കൊള്ളുമ്പോള്‍ തന്നെ കേരളത്തിലെ സാമുദായിക മൈത്രിക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതിരിക്കാന്‍ ലീഗ് ശ്രമിച്ചിട്ടുണ്ട്. ബാബരി  മസ്ജിദ് തകര്‍ന്നതിന് പിറകെ രാജ്യമാകെ പടര്‍ന്നു പിടിച്ച വര്‍ഗീയ കലാപങ്ങളെ സഹ്യ പര്‍വ്വതത്തിന് അപ്പുറം തടഞ്ഞു നിറുത്താന്‍ കഴിഞ്ഞത്  മുസ്ലിം ലീഗ് നേതൃത്വത്തിന്‍റെ പക്വമായ സമീപനം കൊണ്ടാണ്. "മുസ്ലിം ചെറുപ്പക്കാര്‍ അമ്പലങ്ങള്‍ക്കു കാവല്‍ നില്‍ക്കാന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബു തങ്ങള്‍ ആഹ്വാനം ചെയ്യുന്നു ..." എന്ന് അനൌണ്സ് ചെയ്തു കൊണ്ട് മൈക്ക് കെട്ടിയ ജീപ്പുകള്‍ മലബാരിലൂടെ തലങ്ങും വിലങ്ങും ഓടിയതിന്‍റെ ഫലമാണ് അന്ന് സഹ്യനപ്പുറം അശാന്തിയുടെ തീക്കാറ്റിനെ തടഞ്ഞു നിറുത്താന്‍ നമുക്ക് കഴിഞ്ഞത്.

ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഈ മഴക്കാലത്ത്  ചില തല്‍പര കക്ഷികള്‍ മതേതരത്വത്തിന്‍റെ കപട മുഖം മൂടിയണിഞ്ഞു ലീഗിനെതിരെ വിവാദങ്ങള്‍ ഉണ്ടാക്കുകയും വര്‍ഗ്ഗീയതയുടെ വിളവെടുക്കുകയുമാണ്. വര്‍ഗ്ഗീയമായി ഇടപെട്ടാല്‍ കേരള ജനത അത്തരം നീക്കങ്ങളെ അറബിക്കടലിന്‍റെ ആഴങ്ങളിലേക്ക് വലിച്ചെറിയും എന്ന ബോധ്യമുള്ളതിനാല്‍ 'സാമുദായിക സന്തുലനം' 'ന്യൂന പക്ഷ പ്രീണനം' എന്നീ സാങ്കേതിക പദങ്ങള്‍  നിരന്തരം ഉപയോഗിച്ച് കൊണ്ട് സ്വയം മതേതര വാദികള്‍ ആവാന്‍ ശ്രമിക്കുകയാണ്. സാമുദായിക സന്തുലനത്തിന്‍റെ പേര് പറഞ്ഞ് അഞ്ചാം മന്ത്രി വിവാദം ഉണ്ടാക്കിയ അതേ ആളുകള്‍ തന്നെയാണ് ഇപ്പോഴുള്ള വിവാദങ്ങളുടെയും പിന്നില്‍.  കാറ്റ് വിതച്ചു കൊടുങ്കാറ്റു കൊയ്യാമെന്ന് വ്യാമോഹിക്കുന്ന ഈ മതേതര നീല കുറുക്കന്മാരെ നാം തിരിച്ചറിയേണ്ടതുണ്ട്. ഹിന്ദുത്വ ഭീകരതയുടെ തീപ്പൊരി നേതാവ് പ്രവീണ്‍ തൊഗാടിയക്ക്‌ എന്‍ എസ് എസ് ആസ്ഥാനത്തേക്ക് പ്രവേശനം നിഷേധിച്ച നാരായണ പണിക്കരുടെ പിന്‍ഗാമി സാമൂഹിക പരിഷ്കര്‍ത്താവും സമുദായ നേതാവുമായിരുന്ന മന്നത്ത്പദ്മനാഭനും മുസ്ലിം ലീഗ് നേതാവ് ബാഫക്കി തങ്ങളും കൈ കോര്‍ത്ത്‌  പിടിച്ചു നടന്നു കാണിച്ച മത സൗഹാര്‍ദത്തിന്‍റെ  വഴികളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും.

വിപ്ലവകരമായ  മാറ്റങ്ങളുമായാണ് വിദ്യാഭ്യാസ  വകുപ്പ്  മുന്നോട്ടു പോകുന്നത്. എട്ടു ജില്ലകളിലായി അഞ്ഞൂറ്റി അന്‍പതിലധികം അധിക ബാച്ചുകള്‍ പ്ലസ്‌ ടു കോഴ്സിനു അനുവദിച്ചു, പിരിച്ചു വിടല്‍ ഭീഷണിയുടെ നിഴലിലായിരുന്ന ആയിരക്കണക്കിന് അധ്യാപകര്‍ക്ക്  സ്ഥിര നിയമനം, ഒരു വര്‍ഷത്തിനുള്ളില്‍ മലയാളം സര്‍വ്വ കലാ ശാല, വിദ്യാലയങ്ങള്‍ തുറക്കുന്നതിനു മുന്‍പ് തന്നെ പാഠ പുസ്തക വിതരണം പൂര്‍ത്തിയാക്കി, വിദ്യാര്‍ഥി സമരങ്ങളുടെ കോലാഹലം ഇല്ലാതെ ഒരു അധ്യായന വര്‍ഷം പൂര്‍ത്തിയാക്കി, സംസ്ഥാനത്തെ അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ട 238  ബദല്‍ സ്കൂളുകള്‍ നില നിറുത്താനും അധ്യാപകര്‍ക്കും സമ്പളം നല്‍കുവാനും തീരുമാനം. സാക്ഷരതാ പ്രേരകുമാരുടെ ഓണരേരിയം ഇരട്ടിയാക്കി, സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സോഫ്റ്റ്‌ വെയര്‍ സമ്പ്രദായം ആരംഭിച്ചു (ഈ നേട്ടം കൊയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ആണ് കേരളം), വിദേശ ഭാഷ സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനുള്ള നീക്കം പുരോഗമിക്കുന്നു, സംസ്ഥാനത്തെ ഏഴു സര്‍ക്കാര്‍ എന്ജിനീയറിംഗ് കോളേജ്കളിലായി ഒന്‍പതു എം ടെക് കോഴ്സുകള്‍  ആരംഭിച്ചു. എല്ലാ ഹൈ സ്കൂളുകള്‍ക്കും വെബ്‌ സൈറ്റുകള്‍ ആരഭിക്കുന്നു,എസ് എസ് എല്‍  സി മാര്‍ക്ക് ലിസ്ടുകളിലെ പിഴവുകള്‍  തിരുത്താന്‍ ജില്ലകള്‍ തോറും അദാലത്തുകള്‍ .... ഒരാണ്ട് കൊണ്ട് ഒരു പതിറ്റാണ്ടിന്‍റെ സേവന   കരുത്താര്‍ജ്ജിച്ചു  കൊണ്ട് മുന്നോട്ടു പോകുന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ആരോപണങ്ങള്‍ അഴിച്ചു വിടുന്നത് വര്‍ഗ്ഗീയ താല്‍പര്യങ്ങള്‍ മാത്രം മനസ്സില്‍ കണ്ടാണ്‌.


മലബാറിന്‍റെ  വിദ്യഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കൂടിയാണ് ലീഗ് വിദ്യഭ്യാസ വകുപ്പ് ഏറ്റെടുത്തത്. ഏറെ പുറകോട്ടു പോയിരുന്ന ഈ പ്രദേശങ്ങള്‍ ഇന്ന് ബഹു ദൂരം മുന്നോട്ടു പോയെങ്കിലും  തോണിയിപ്പോഴും നടുക്കയത്തില്‍ തന്നെയാണ്. ജന സംഖ്യയുടെ 42 %  ജീവിക്കുന്ന മലബാറില്‍ 13 വിദ്യഭ്യാസ ജില്ലകള്‍ മാത്രമാണ് ഉള്ളത്. തിരുകൊച്ചിയില്‍  25 വിദ്യാഭ്യാസ ജില്ലകള്‍ ആണെന്ന്  അറിയുമ്പോഴാണ്  ഇതിന്‍റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാവുക.തിരുകൊച്ചി മേഖലയിലെ മൊത്തം സ്കൂളുകളുടെ എണ്ണം 1618 ആണ് . അതേ സമയം മലബാറിലെ കണക്കുകള്‍ ഇതിന്‍റെ നേര്‍ പകുതി മാത്രമാണ് (817 ), മൊത്തം കൊള്ലെജുകളുടെ കണക്കു എടുത്താലും ചിത്രം മറ്റൊന്നുമല്ല തെളിയുക.(തിരുകൊച്ചി 130 , മലബാര്‍ 60 ). അതായത് ജന സംഖ്യയുടെ പകുതിയോളം  വരുന്ന   മലബാറുകാരുടെ വിദ്യാഭ്യാസ സൌകര്യങ്ങള്‍ തിരുകൊച്ചിയുമായി താരതമ്യം ചെയ്‌താല്‍ നേര്‍പകുതിയില്‍ താഴെ മാത്രം. അതിനിടയിലാണ് ഈ പ്രദേശത്തെ 35 സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചതിന്‍റെ പേരില്‍ മെനഞ്ഞുണ്ടാക്കിയ പുതിയ വര്‍ഗ്ഗീയ കോലാഹലങ്ങള്‍. എല്ലാം വര്‍ഗ്ഗീയമായി മാത്രം കാണുന്ന ഈ പ്രവണത ആരോഗ്യകരമല്ല. സാമുദായിക സന്തുലനം എന്ന ഉമ്മാക്കി കാട്ടി  വിരട്ടുന്നവര്‍ എന്തുകൊണ്ടാണ് പ്രാദേശിക സന്തുലനാവസ്ഥയ്ക്ക് വേണ്ടി വാദിക്കാത്തത്? പതിറ്റാണ്ടുകള്‍ക്ക് ശേഷമാണെങ്കിലും  മലബാറില്‍ എന്തെങ്കിലും ഒരു വികസനം വരുമ്പോഴെക്കു ചീഞ്ഞു നാറുന്ന വര്‍ഗ്ഗീയ വാദങ്ങളുമായി വന്നു അതിനെ വീണ്ടും തടയിടാനുള്ള ഈ വ്യഗ്രത മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.

3 അഭിപ്രായങ്ങൾ:

  1. മുസ്ലിം സമുദായത്തിന്റെ പ്രതിനിധിയായി മുസ്ലീം ലീഗിനെ കാണുന്നതില്‍ ഒരു അരോചകത്വവും തോന്നുന്നില്ലേ നസ്സരുദീന്‍ .....?
    സ്വാതന്ത്ര്യത്തിനു മുന്പ് 1930 കളില്‍ തന്നെ ലീഗിന്റെ നേതൃത്വത്തില്‍ അങ്ങനെ ഒരു പ്രചാരണം നടത്തിയിരുന്നു . തന്നെ ഇന്ത്യന്‍ മുസ്ലീങ്ങളുടെ പ്രതിനിധി യായി ലീഗിനെ അന്ഗീകരിക്കണം എന്ന വാദം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും , ബ്രിട്ടീഷ് സര്‍ക്കാരും , ഇന്ത്യന്‍ ജനതയും തള്ളിക്കളഞ്ഞതാണ്. ( 1937 ലെ പ്രോവിന്ഷ്യല്‍ ഇലക്ഷന്റെ ഫലം നോക്കിയാല്‍ തന്നെ ലീഗിന്റെ വാദം ഇന്ത്യന്‍ ജനത അപ്പാടെ തള്ളിക്കളഞ്ഞതായിക്കാണാം )

    മതേതരത്വത്തിന്റെ മഹത്വം പറഞ്ഞു നടക്കുകയും ഉള്ളില്‍ മതാന്ധത വെച്ച് പുലര്‍ത്തുകയും ചെയ്യുന്ന ഒരു പാട് പേര്‍ നമുക്കിടയില്‍ ഉണ്ട് എന്നത് ഞാനും അംഗീകരിക്കുന്നു.
    ഒളിഞ്ഞും തെളിഞ്ഞും വര്‍ഗീയത പറഞ്ഞു രാഷ്ട്രീയ നേട്ടം കൊയ്യുന്നത് തീര്‍ച്ചയായും അങ്ങേയറ്റം എതിര്‍ക്കപ്പെടെണ്ടതാണ്.
    താങ്കളുടെ പോസ്റ്റിനും അങ്ങനെ ചില ദൂഷ്യങ്ങളുണ്ടോ എന്ന് സംശയിച്ചാല്‍ തെറ്റ് പറയാന്‍ കഴിയുമോ ..?

    നമുക്ക് വേണ്ടത് മതേതര സമൂഹമാണ് , മതേതര രാഷ്ട്രീയ കക്ഷികളാണ്, അതിനേക്കാള്‍ ഏറെ മതേതര മനസ്സാണ് . :-)

    മറുപടിഇല്ലാതാക്കൂ
  2. വിഷ്ണു, ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും അഭിപ്രായം പങ്കു വെച്ചതിനും ആദ്യമായി നന്ദി പറയട്ടെ! മുസ്ലിം സമുദായത്തിന് ഒരു പ്രതിനിധി ഉണ്ടാവുന്നതില്‍ വിഷ്ണുവിന് അഭിപ്രായാന്തരം ഉണ്ടെന്നു തോന്നുന്നില്ല. അത് മുസ്ലിം ലീഗ് ആകുന്നതിലാണ് വിയോജിപ്പെന്നു തോന്നുന്നു:)
    ഇനി താങ്കള്‍ ഉന്നയിച്ച അഭിപ്രായങ്ങളിലേക്ക്:

    സ്വാതന്ത്ര്യത്തിനു മുന്പ് 1930 കളില്‍ തന്നെ ലീഗിന്റെ നേതൃത്വത്തില്‍ അങ്ങനെ ഒരു പ്രചാരണം നടത്തിയിരുന്നു . തന്നെ ഇന്ത്യന്‍ മുസ്ലീങ്ങളുടെ പ്രതിനിധി യായി ലീഗിനെ അന്ഗീകരിക്കണം എന്ന വാദം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും , ബ്രിട്ടീഷ് സര്‍ക്കാരും , ഇന്ത്യന്‍ ജനതയും തള്ളിക്കളഞ്ഞതാണ്. ( 1937 ലെ പ്രോവിന്ഷ്യല്‍ ഇലക്ഷന്റെ ഫലം നോക്കിയാല്‍ തന്നെ ലീഗിന്റെ വാദം ഇന്ത്യന്‍ ജനത അപ്പാടെ തള്ളിക്കളഞ്ഞതായിക്കാണാം )

    അടിസ്ഥാന പരമായി ഈ വാദത്തില്‍ ഒരു അപാകതയുണ്ട്. സ്വാതന്ത്ര്യത്തിനു മുന്‍പ് ഉണ്ടായിരുന്ന മുസ്ലിം ലീഗ് രൂപീകരിക്കപ്പെട്ടത് ധാക്കയില്‍ വെച്ചാണ്. ഈ പാര്‍ട്ടി സ്വാതന്ത്രാനന്തരം ഇന്ത്യയില്‍ പിരിച്ചു വിട്ടു. ഇപ്പോള്‍ നിലവില്‍ ഉള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് രൂപികരിക്കപ്പെട്ടത് 1948 ല്‍ മാര്ച് പത്താം തീയതി മദ്രാസ് രാജാജി ഹാളില്‍ വെച്ചാണ് . അത് കൊണ്ട് തന്നെ മുസ്ലിം സമുദായത്തിന്‍റെ പ്രാതിനിധ്യം ലീഗിന് ഇല്ലായിരുന്നു എന്ന വാദം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. ഇനി ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദികള്‍ വേറെയായിരുന്നു എന്ന് ചരിത്രത്തിന്‍റെ പുനര്‍ വായനയില്‍ നമുക്ക് ബോധ്യപ്പെടും. അതല്ല നമ്മുടെ വിഷയം എന്നതിനാല്‍ അതിലേക്കു ഞാന്‍ കടക്കുന്നില്ല.


    ഇപ്പോള്‍ നിലവില്‍ ഉള്ള മുസ്ലിം ലീഗിന്‍റെ സ്ഥാപകന്‍ മുഹമ്മദ്‌ ഇസ്മായീല്‍ സാഹിബു ഇന്ത്യന്‍നു മുസ്ലിംകളുടെ പ്രതിനിധിയായിരുന്നു എന്ന് ചരിത്രത്തില്‍ കാണാം. നമ്മുടെ ഭരണ ഘടനാ നിര്‍മ്മാണ സമിതിയില്‍ അംബേദ്‌കര്‍ക്ക് അദ്ദേഹവും ഉണ്ടായിരുന്നു. മതേതരത്വം ഉല്‍ഘോഷിക്കുന്ന നമ്മുടെ ഭരണ ഘടനയ്ക്ക് താഴെ മുസ്ലിം സമുദായത്തെ പ്രതിനിധീകരിച്ചു ഒപ്പ് വെച്ച രണ്ടു പേരും മുസ്ലിം ലീഗ് നേതാക്കള്‍ ആയിരുന്നു.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ ഭരണ ഘടനയ്ക്ക് താഴെ രാജ്യത്തെ മുസ്ലിം സമുദായത്തെ പ്രതിനിധീകരിച്ച മുഹമ്മദ്‌ ഇസ്മായീല്‍ സാഹിബു ആണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാപകന്‍. കറ കളഞ്ഞ മതേതരവാദി ആയിരുന്ന ഇദ്ദേഹം നെഹ്‌റു ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളുമായി സൗഹൃദം പുലര്‍ത്തിയിരുന്നു എന്ന് മാത്രമല്ല നെഹ്‌റു തന്‍റെ മന്ത്രി സഭയിലേക്ക് വരെ ഇദ്ദേഹത്തെ ക്ഷണിച്ചിരുന്നു. ഇന്ത്യ യുദ്ധ ഭീഷണി നേരിട്ടപ്പോള്‍ തന്‍റെ മകനെ അതിര്‍ത്തിയിലേക്ക് അയക്കാന്‍ തയ്യാറാണെന്നും എം പി എന്ന നിലയില്‍ തന്‍റെ വേതനം സൈന്യത്തിന് സംഭാവന ചെയ്യുന്നു എന്നും പറഞ്ഞു അദ്ദേഹം നെഹ്രുവിനു കത്തയക്കുകയും ചെയ്തിരുന്നു. മുസ്ലിംകളെ സംബന്ധിച്ച വിഷയങ്ങളില്‍ ഇസ്മായില്‍ സാഹിബിനോട് നെഹ്‌റു അഭിപ്രായം തേടിയിരുന്നു. ഇക്കാര്യങ്ങള്‍ പറഞ്ഞത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ മുസ്ലിംകളുടെ പ്രതിനിധിയായി പരിഗണിക്കപ്പെട്ടിരുന്നു എന്ന് പറയാന്‍ ആണ്. . സമുദായത്തെ പ്രതിനിധീകരിച്ചു അറുപതു വര്‍ഷമായി തുടര്‍ച്ചയായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുസ്ലിം ലീഗ് പ്രാതിനിധ്യം ഉണ്ട്. ജനാധിപത്യ പരമായ അന്ഗീകരികാരം ലീഗിന് ഉണ്ട് എന്ന് വ്യക്തമല്ലേ.

    മറുപടിഇല്ലാതാക്കൂ
  3. ഇനി താങ്കള്‍ പറഞ്ഞ മതേതരത്വവും മതേതര കക്ഷികളും . ഇന്ത്യയില്‍ മതേതര ചേരിക്ക് നേതൃത്വം നല്‍കുന്നത് കോണ്ഗ്രസ് ആണ് . ആ പാര്ട്ടിയോടൊപ്പം പതിറ്റാണ്ടുകളായി മുസ്ലിം ലീഗ് സഖ്യതിലാണ്. മന്ത്രി സഭകളില്‍ പോലും ഒന്നിച്ചിരിക്കുന്നു. ഇനി കേരളം കണ്ട സമാധാന ദൂതന്മാരില്‍ മുന്‍നിരയില്‍ തന്നെ നാം കണക്കാക്കുന്ന പാണക്കാട് ശിഹാബു തങ്ങള്‍ ആണ് കേരളത്തില്‍ ഈ പാര്‍ട്ടിക്ക് ഒരു കാലത്ത് നേതൃത്വം നല്‍കിയിട്ടുള്ളത്. സാമുദായിക സൌഹാര്ദത്തിനു അദ്ദേഹം നല്‍കിയ സംഭാവനകളെ കുറിച്ച് ഞാന്‍ ഏറെ പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല. കേരളത്തില്‍ മുസ്ലിം ലീഗ് ഇല്ലാതിരുന്നുവെങ്കില്‍ സമുടായതിനിടയില്‍ വിധ്വംസക ഗ്രൂപ്പുകള്‍ സ്വാധീനം ചോലുത്തുകയും അവര്‍ മുഖ്യ ധാരയില്‍ നിന്ന് വേറിട്ട്‌ പോവുകയും ചെയ്യുമായിരുന്നു. അതൊരു വസ്തുതയാണ്. ബാബറി മസ്ജിദു തകര്‍ക്കപ്പെട്ടതിന് ശേഷം ഇന്ത്യയില്‍ കേരളം ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായി. "മുസ്ലിം യുവാക്കള്‍ അമ്പലങ്ങള്‍ക്കു കാവല്‍ നില്‍ക്കണം..."എന്ന് ആഹ്വാനം ചെയ്തു കൊണ്ട് ലീഗ് ഒരു വര്‍ഗ്ഗീയ കലാപം തടഞ്ഞു നിറുത്തിയത് ജാനാതെ പോവരുത്. അന്ന് സമുദായത്തിലെ ചിലരുടെ തീവ്ര നിലപാടുകള്‍ക്ക് ലീഗ് വഴങ്ങിരുന്നെങ്കില്‍ കേരളം ഒരു ഗുജറാത്ത് ആവുമായിരുന്നു. ഇന്നും തീവ്രവാദ സംഘടനകള്‍ക്ക് സമുദായത്തില്‍ വേരോട്ടം കിട്ടാതെ പോവുന്നതിനു മുഖ്യ കാരണം ലീഗ് ആണ് എന്ന് ഒരു സമുദായ അംഗം എന്ന നിലയ്ക്ക് എനിക്ക് പറയാന്‍ കഴിയും.

    മറുപടിഇല്ലാതാക്കൂ