രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ജൂൺ 27, 2012

മഴക്കാലത്ത് പൊടിയുന്ന 'സന്തുലന' പാറ്റകള്‍!


മതേതരത്വമാണ് കേരളത്തിന്‍റെ മുഖ മുദ്ര.കേരളം എന്നും ഓര്‍ത്തിരിക്കേണ്ട ഒരു മുദ്രാവാക്യമുണ്ട്. 'മന്നം, പട്ടം, ശങ്കര്‍, ബാഫഖി തങ്ങള്‍ സിന്ദാ ബാദ് ..' വിമോചന സമരത്തോടൊപ്പം കേരളത്തിന്‍റെ  സാമുദായിക മൈത്രിയുടെ മധുരിക്കുന്ന ഓര്‍മ്മകള്‍ ചികയുന്നു  ഈ മുദ്രാ വാക്യം. കുഞ്ഞായിന്‍ മുസ്ലിയാരും മങ്ങാട്ടച്ചനും, സാമൂതിരിയും കുഞ്ഞാലി മരക്കാരും തോളോട് തോളുരിമ്മി നിന്ന ചരിത്ര ചിത്രങ്ങള്‍  മലയാള മണ്ണിന്‍റെ സുകൃതമാണ്. ആ നന്മ ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഇവിടെ നില നില്‍ക്കേണ്ടത് നാടിന്‍റെ കെട്ടുറപ്പിന്  അത്യാവശ്യവുമാണ്.

ചരിത്രപരമായ കാരണങ്ങളാല്‍ സമൂഹത്തിന്‍റെ മുഖ്യ ധാരയില്‍ നിന്ന് പുറകോട്ടു പോയവരാണ്  ഇന്ത്യയിലെ ന്യൂന പക്ഷങ്ങള്‍. കേരളത്തിലെ മുസ്ലിം സമുദായവും അതിനപവാദമല്ല. ഖിലാഫത്ത് സമരവും മലബാര്‍ കലാപവും ബ്രിട്ടീഷ് വിരുദ്ധ ചെറുത്തു നില്‍പ്പുകളും കേരളത്തിലെ ന്യൂന പക്ഷ സമുദായത്തെ പുറകോട്ടടിച്ചു. "സ്വരാജ്യ സ്നേഹം വിശ്വാസത്തിന്‍റെ ഭാഗമാണ്" എന്ന പ്രവാചക   വചനത്തില്‍ വിശ്വസിക്കുന്ന മാപ്പിളമാര്‍ കയ്യും മെയ്യും മറന്നു വൈദേശിക ആധിപത്യത്തിന് എതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയും പൊന്നാനിയിലെ സൈനുദീന്‍ മഖ്ദൂമിനെ പോലെയുള്ള ഇസ്ലാമിക പണ്ഡിതന്മാര്‍ 'തുഹ്ഫതുല്‍ മുജാഹിദീന്‍ ' പോലുള്ള ഗ്രന്ഥങ്ങള്‍ രചിച്ച് ഈ പോരാട്ടങ്ങള്‍ക്ക് ആത്മീയ ആവേശം പകരുകയും ചെയ്തപ്പോള്‍ അവരില്‍ നിന്ന് കുഞ്ഞാലി മരയ്ക്കാരും ആലി മുസ്ലിയാരും വാരിയന്‍ കുന്നത് കുഞ്ഞഹമ്മദ്  ഹാജിയും മുഹമ്മദു അബ്ദുറഹ്മാന്‍ സാഹിബും തുടങ്ങിയ ധീര ദേശാഭിമാനികള്‍ പിറവിയെടുക്കുകയുണ്ടായി.മമ്പുറം തങ്ങളെ പോലുള്ളവര്‍ ഈ പോരാട്ടങ്ങള്‍ക്ക് മുന്‍ നിരയില്‍ നിന്ന് നേതൃത്വം നല്‍കിയതും ചരിത്രത്തിന്‍റെ ഭാഗമാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് പഞാബില്‍ പോലും കാണാത്തത്ര പട്ടാള ക്യാമ്പുകള്‍ മലബാറില്‍ ഉണ്ടായിരുന്നുവെന്ന ചരിത്ര സത്യം ഈ വസ്തുതയ്ക്ക്  അടിവരയിടുന്നു.

ബ്രിട്ടീഷ് വിരോധം കൊണ്ട് അവര്‍ കൊണ്ട് വന്ന വിദ്യഭ്യാസവും ഇന്ഗ്ലീഷ് ഭാഷയും വരെ ഹറാമായി കണ്ട ഈ സമുദായം വിദ്യഭ്യാസ രംഗത്ത് ഏറെ പിറകോട്ടു പോവുകയുണ്ടായി.  അതിനു പുറമേ മലബാര്‍ കലാപം തകര്‍ത്തെറിഞ്ഞ സാമൂഹ്യ സാമ്പത്തിക മേഖലകളും സമുദായത്തിന്‍റെ ഈ ദുരവസ്ഥയ്ക്ക് ആക്കം കൂട്ടുകയുണ്ടായി. ഇന്ത്യാ മഹാരാജ്യം സ്വതന്ത്രമായപ്പോള്‍ നിരാലംബരുടെയും നിരക്ഷരരുടെയും യതീമുകളുടെയും സമുദായമായി മാറിയിരുന്നു മാപ്പിള സമുദായം.

സ്വാതന്ത്രാനന്തരം ചരിത്രപരമായ ദൌത്യമാണ് മുസ്ലിം ലീഗ് ഏറ്റെടുത്തത്. മതേതരത്വവും മത സ്വാതന്ത്ര്യവും ഉറപ്പു വരുത്തുന്ന നമ്മുടെ രാജ്യത്തിന്‍റെ ഭരണ ഘടന സമിതിയില്‍ അന്ഗത്വം നേടുകയും ആ ഭരണഘടനയുടെ താഴെ ഒപ്പ് വെക്കുകയും ചെയ്ത ഖായിദെ മില്ലത്ത് ഇസ്മായീല്‍ സാഹിബാണ്‌  ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്‍റെ സ്ഥാപക നേതാവ്. ചരിത്രപരമായി പുറകോട്ടു പോയ സമുദായത്തെ സമൂഹത്തിന്‍റെ മുഖ്യ ധാരയില്‍ എത്തിക്കുക എന്ന ഭാരിച്ച  കടമ്പയായിരുന്നു ലീഗിന് മുന്നില്‍ ഉണ്ടായിരുന്നത്. ജനാധിപത്യത്തിലേക്ക് അവരെ കൊണ്ട് വന്ന് ഭരണ ഘടനാനുസൃതമായ അവകാശങ്ങള്‍ക്കായി  ബാലറ്റ് പെട്ടിയിലൂടെയുള്ള അവകാശ സമരങ്ങളുടെ കര്‍മ്മ പഥത്തിലേക്ക് കൈ പിടിച്ചു നടത്തിക്കുകയായിരുന്നു ലീഗ്. അതോടൊപ്പം സമൂഹത്തിന്‍റെ മുഖ്യ ധാര വിട്ട് സായുധ പോരാട്ടങ്ങളുടെ വഴികളിലേക്കും വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്കും അവരെ വഴി തെറ്റാതെ കൊണ്ട് പോകാന്‍ മുസ്ലിം ലീഗിന് സാധിച്ചു.

  സമൂഹത്തിന്‍റെ പൊതു ധാരയിലൂടെ നടക്കുകയും സാമുദായിക മൈത്രിയുടെ സാമൂഹിക അന്തരീക്ഷം കെട്ടിപ്പടുക്കുകയും ചെയ്യാന്‍ ലീഗിന് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. സമുദായത്തിന്‍റെ ഭരണ ഘടനാ പരമായ അവകാശങ്ങള്‍ക്ക് വേണ്ടി  നില കൊള്ളുമ്പോള്‍ തന്നെ കേരളത്തിലെ സാമുദായിക മൈത്രിക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതിരിക്കാന്‍ ലീഗ് ശ്രമിച്ചിട്ടുണ്ട്. ബാബരി  മസ്ജിദ് തകര്‍ന്നതിന് പിറകെ രാജ്യമാകെ പടര്‍ന്നു പിടിച്ച വര്‍ഗീയ കലാപങ്ങളെ സഹ്യ പര്‍വ്വതത്തിന് അപ്പുറം തടഞ്ഞു നിറുത്താന്‍ കഴിഞ്ഞത്  മുസ്ലിം ലീഗ് നേതൃത്വത്തിന്‍റെ പക്വമായ സമീപനം കൊണ്ടാണ്. "മുസ്ലിം ചെറുപ്പക്കാര്‍ അമ്പലങ്ങള്‍ക്കു കാവല്‍ നില്‍ക്കാന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബു തങ്ങള്‍ ആഹ്വാനം ചെയ്യുന്നു ..." എന്ന് അനൌണ്സ് ചെയ്തു കൊണ്ട് മൈക്ക് കെട്ടിയ ജീപ്പുകള്‍ മലബാരിലൂടെ തലങ്ങും വിലങ്ങും ഓടിയതിന്‍റെ ഫലമാണ് അന്ന് സഹ്യനപ്പുറം അശാന്തിയുടെ തീക്കാറ്റിനെ തടഞ്ഞു നിറുത്താന്‍ നമുക്ക് കഴിഞ്ഞത്.

ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഈ മഴക്കാലത്ത്  ചില തല്‍പര കക്ഷികള്‍ മതേതരത്വത്തിന്‍റെ കപട മുഖം മൂടിയണിഞ്ഞു ലീഗിനെതിരെ വിവാദങ്ങള്‍ ഉണ്ടാക്കുകയും വര്‍ഗ്ഗീയതയുടെ വിളവെടുക്കുകയുമാണ്. വര്‍ഗ്ഗീയമായി ഇടപെട്ടാല്‍ കേരള ജനത അത്തരം നീക്കങ്ങളെ അറബിക്കടലിന്‍റെ ആഴങ്ങളിലേക്ക് വലിച്ചെറിയും എന്ന ബോധ്യമുള്ളതിനാല്‍ 'സാമുദായിക സന്തുലനം' 'ന്യൂന പക്ഷ പ്രീണനം' എന്നീ സാങ്കേതിക പദങ്ങള്‍  നിരന്തരം ഉപയോഗിച്ച് കൊണ്ട് സ്വയം മതേതര വാദികള്‍ ആവാന്‍ ശ്രമിക്കുകയാണ്. സാമുദായിക സന്തുലനത്തിന്‍റെ പേര് പറഞ്ഞ് അഞ്ചാം മന്ത്രി വിവാദം ഉണ്ടാക്കിയ അതേ ആളുകള്‍ തന്നെയാണ് ഇപ്പോഴുള്ള വിവാദങ്ങളുടെയും പിന്നില്‍.  കാറ്റ് വിതച്ചു കൊടുങ്കാറ്റു കൊയ്യാമെന്ന് വ്യാമോഹിക്കുന്ന ഈ മതേതര നീല കുറുക്കന്മാരെ നാം തിരിച്ചറിയേണ്ടതുണ്ട്. ഹിന്ദുത്വ ഭീകരതയുടെ തീപ്പൊരി നേതാവ് പ്രവീണ്‍ തൊഗാടിയക്ക്‌ എന്‍ എസ് എസ് ആസ്ഥാനത്തേക്ക് പ്രവേശനം നിഷേധിച്ച നാരായണ പണിക്കരുടെ പിന്‍ഗാമി സാമൂഹിക പരിഷ്കര്‍ത്താവും സമുദായ നേതാവുമായിരുന്ന മന്നത്ത്പദ്മനാഭനും മുസ്ലിം ലീഗ് നേതാവ് ബാഫക്കി തങ്ങളും കൈ കോര്‍ത്ത്‌  പിടിച്ചു നടന്നു കാണിച്ച മത സൗഹാര്‍ദത്തിന്‍റെ  വഴികളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും.

വിപ്ലവകരമായ  മാറ്റങ്ങളുമായാണ് വിദ്യാഭ്യാസ  വകുപ്പ്  മുന്നോട്ടു പോകുന്നത്. എട്ടു ജില്ലകളിലായി അഞ്ഞൂറ്റി അന്‍പതിലധികം അധിക ബാച്ചുകള്‍ പ്ലസ്‌ ടു കോഴ്സിനു അനുവദിച്ചു, പിരിച്ചു വിടല്‍ ഭീഷണിയുടെ നിഴലിലായിരുന്ന ആയിരക്കണക്കിന് അധ്യാപകര്‍ക്ക്  സ്ഥിര നിയമനം, ഒരു വര്‍ഷത്തിനുള്ളില്‍ മലയാളം സര്‍വ്വ കലാ ശാല, വിദ്യാലയങ്ങള്‍ തുറക്കുന്നതിനു മുന്‍പ് തന്നെ പാഠ പുസ്തക വിതരണം പൂര്‍ത്തിയാക്കി, വിദ്യാര്‍ഥി സമരങ്ങളുടെ കോലാഹലം ഇല്ലാതെ ഒരു അധ്യായന വര്‍ഷം പൂര്‍ത്തിയാക്കി, സംസ്ഥാനത്തെ അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ട 238  ബദല്‍ സ്കൂളുകള്‍ നില നിറുത്താനും അധ്യാപകര്‍ക്കും സമ്പളം നല്‍കുവാനും തീരുമാനം. സാക്ഷരതാ പ്രേരകുമാരുടെ ഓണരേരിയം ഇരട്ടിയാക്കി, സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സോഫ്റ്റ്‌ വെയര്‍ സമ്പ്രദായം ആരംഭിച്ചു (ഈ നേട്ടം കൊയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ആണ് കേരളം), വിദേശ ഭാഷ സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനുള്ള നീക്കം പുരോഗമിക്കുന്നു, സംസ്ഥാനത്തെ ഏഴു സര്‍ക്കാര്‍ എന്ജിനീയറിംഗ് കോളേജ്കളിലായി ഒന്‍പതു എം ടെക് കോഴ്സുകള്‍  ആരംഭിച്ചു. എല്ലാ ഹൈ സ്കൂളുകള്‍ക്കും വെബ്‌ സൈറ്റുകള്‍ ആരഭിക്കുന്നു,എസ് എസ് എല്‍  സി മാര്‍ക്ക് ലിസ്ടുകളിലെ പിഴവുകള്‍  തിരുത്താന്‍ ജില്ലകള്‍ തോറും അദാലത്തുകള്‍ .... ഒരാണ്ട് കൊണ്ട് ഒരു പതിറ്റാണ്ടിന്‍റെ സേവന   കരുത്താര്‍ജ്ജിച്ചു  കൊണ്ട് മുന്നോട്ടു പോകുന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ആരോപണങ്ങള്‍ അഴിച്ചു വിടുന്നത് വര്‍ഗ്ഗീയ താല്‍പര്യങ്ങള്‍ മാത്രം മനസ്സില്‍ കണ്ടാണ്‌.


മലബാറിന്‍റെ  വിദ്യഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കൂടിയാണ് ലീഗ് വിദ്യഭ്യാസ വകുപ്പ് ഏറ്റെടുത്തത്. ഏറെ പുറകോട്ടു പോയിരുന്ന ഈ പ്രദേശങ്ങള്‍ ഇന്ന് ബഹു ദൂരം മുന്നോട്ടു പോയെങ്കിലും  തോണിയിപ്പോഴും നടുക്കയത്തില്‍ തന്നെയാണ്. ജന സംഖ്യയുടെ 42 %  ജീവിക്കുന്ന മലബാറില്‍ 13 വിദ്യഭ്യാസ ജില്ലകള്‍ മാത്രമാണ് ഉള്ളത്. തിരുകൊച്ചിയില്‍  25 വിദ്യാഭ്യാസ ജില്ലകള്‍ ആണെന്ന്  അറിയുമ്പോഴാണ്  ഇതിന്‍റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാവുക.തിരുകൊച്ചി മേഖലയിലെ മൊത്തം സ്കൂളുകളുടെ എണ്ണം 1618 ആണ് . അതേ സമയം മലബാറിലെ കണക്കുകള്‍ ഇതിന്‍റെ നേര്‍ പകുതി മാത്രമാണ് (817 ), മൊത്തം കൊള്ലെജുകളുടെ കണക്കു എടുത്താലും ചിത്രം മറ്റൊന്നുമല്ല തെളിയുക.(തിരുകൊച്ചി 130 , മലബാര്‍ 60 ). അതായത് ജന സംഖ്യയുടെ പകുതിയോളം  വരുന്ന   മലബാറുകാരുടെ വിദ്യാഭ്യാസ സൌകര്യങ്ങള്‍ തിരുകൊച്ചിയുമായി താരതമ്യം ചെയ്‌താല്‍ നേര്‍പകുതിയില്‍ താഴെ മാത്രം. അതിനിടയിലാണ് ഈ പ്രദേശത്തെ 35 സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചതിന്‍റെ പേരില്‍ മെനഞ്ഞുണ്ടാക്കിയ പുതിയ വര്‍ഗ്ഗീയ കോലാഹലങ്ങള്‍. എല്ലാം വര്‍ഗ്ഗീയമായി മാത്രം കാണുന്ന ഈ പ്രവണത ആരോഗ്യകരമല്ല. സാമുദായിക സന്തുലനം എന്ന ഉമ്മാക്കി കാട്ടി  വിരട്ടുന്നവര്‍ എന്തുകൊണ്ടാണ് പ്രാദേശിക സന്തുലനാവസ്ഥയ്ക്ക് വേണ്ടി വാദിക്കാത്തത്? പതിറ്റാണ്ടുകള്‍ക്ക് ശേഷമാണെങ്കിലും  മലബാറില്‍ എന്തെങ്കിലും ഒരു വികസനം വരുമ്പോഴെക്കു ചീഞ്ഞു നാറുന്ന വര്‍ഗ്ഗീയ വാദങ്ങളുമായി വന്നു അതിനെ വീണ്ടും തടയിടാനുള്ള ഈ വ്യഗ്രത മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.

ശനിയാഴ്‌ച, സെപ്റ്റംബർ 10, 2011

പുന്നപ്ര വയലാറില്‍ നിന്ന് മക്കാവിലേക്കുള്ള ദൂരം അളക്കുമ്പോള്‍ !!!

ഒരു ബിംബ നഷ്ടത്തിന്റെ തീവ്ര നിരാശയില്‍ ആണ് കേരളത്തില്‍ പലരും. സാക്ഷാല്‍ വി എസ് അച്ചുതാന്ദന്‍ എന്ന ആദര്‍ശവാദിയുടെ ആദര്‍ശ പൊയ് മുഖം അഴിഞ്ഞു വീണു  കൊണ്ടിരിക്കുകയല്ലേ യഥാര്‍ത്ഥത്തില്‍. ആദര്‍ശ പോരാട്ടങ്ങളില്‍ അദേഹത്തെ നയിക്കുന്ന ചേതോ വികാരം കേവലം പ്രതികാര ദാഹവും സ്ഥാനമാനങ്ങളും അല്ലാതെ മറ്റെന്താണ്. അദ്ദേഹം കൊണ്ട് നടത്തുന്ന കോടതി വ്യവഹാരങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യങ്ങള്‍ ആണത്.

ഉള്‍ പാര്‍ട്ടി പോരാട്ടങ്ങളും തൊഴുത്തില്‍ കുതുമാണ്  വി എസിനെ സ്വന്തം പാര്ട്ടികാര്‍ക്ക് പോലും അപ്രിയനാക്കിയത്. പാര്‍ട്ടി വിലക്കുകള്‍ നിരവധി തവണ  ലംഘിച്ച വി എസിനെ പേറാന്‍ സി പി എം നിര്‍ബന്ധിതമാകുന്നത് വര്‍ത്തമാന കാലത്തെ പാര്‍ട്ടിയുടെ അപചയവും ഉയര്‍ത്തികാട്ടാന്‍ വേരെയൊരു ബിംബവും ഇല്ലാത്തതിനാലാണ്.
മുഖ മന്തി സ്ഥാനം മോഹിച്ചാണ് മതികെട്ടാന്‍ മല താണ്ടിയത്  എന്നു പറഞ്ഞാല്‍ നിഷേധിക്കാനാവുമോ! സ്ഥാനം ഉറപ്പിക്കാന്‍ കുപ്രസിദ്ധ വി ഐ പി പരാമര്‍ശം പോലും മറന്ന് മൌനത്തിന്റെ വാല്‍മീകം പുല്‍കി ഇരുന്നു 5 വര്‍ഷം. പ്രതിപക്ഷ നേതാവായിരിക്കെ പത്രകാര്‍ക്ക് മുന്‍പേ കോരിയെടുത്തു ചുംബിച്ച കിലിരോഒരിലെ ശാരിയുടെ മകളെയും അച്ഛനെയും പിന്നീട് കാണാന്‍ പോലും കൂട്ടാക്കിയില്ല എന്നു മാത്രമല്ല പോലീസിനെ കൊണ്ട് അറസ്റ്റു ചെയ്യിച്ചു ആദര്‍ശ നായകന്‍! മൂലമ്പള്ളി സമരക്കാരുടെ ക്ഷണം സ്വീകരിച്ചില്ലെന്ന് മാത്രമല്ല ചെങ്ങറ സമരത്തെയും ഭരണ കാലത്ത് നടന്ന എല്ലാ ഭൂ സമരങ്ങളെയും അവഗണിച്ചു അധികാര കൊതിയന്‍!

പഴയ പുന്നപ്ര വയലാര്‍ പോരാളിയില്‍ നിന്ന് വി എസും കുടുംബവും ഏറെ അകന്നിരിക്കുന്നു എന്നതല്ലേ വാസ്തവം. സര്‍ക്കാര്‍ ചെലവില്‍ ലക്ഷങ്ങള്‍ പൊടിച്ച് എങ്ങുമെത്താത്ത ഗവേഷണങ്ങളുമായി മകള്‍ ! വി എസ് എന്ന സ്വയമാര്‍ജ്ജിത ആദര്‍ശ ബിംബത്തിന്റെ നിഴല് പറ്റി നിന്ന്  വിലപേശി അച്ഛനെ വിട്ട്‌ കാശാക്കുന്ന മകന്‍! വരുമാനവും ആസ്തിയും ചേരും പടി ചെര്‍ക്കാനാവാത്ത തരത്തില്‍ അന്തരം! സമ്പന്നരുടെ ഗോള്‍ഫ് ക്ലബ്ബില്‍ അന്ഗത്വം! യോഗ്യതകള്‍ക്ക് ചേരാത്ത പദവികളും വിലാസവും! ഇരുട്ടിന്‍റെ മറപറ്റിയുള്ള വ്യവഹാരങ്ങളും അത്രകാരുമായുള്ള സഹവാസവും  (സന്തോഷ്‌ മാധവന്‍ പോലും!) കുപ്രസിദ്ധ സുഖവാസ കേന്ദ്രമായ മക്കാവ് ഉള്‍പടെയുള്ള വിദേശ നാടുകളിലേക്കുള്ള ഇനിയും അറിയപെടാത്ത (സ്രോതസ്സ് പുറത്ത് വരാത്ത) യാത്രകള്‍! ഓണ്‍ ലൈന്‍ ലോട്ടറി മാഫിയകളുമായുള്ള സംശയാസപദമായ ബന്ധങ്ങള്‍!!!

ആരോപണങ്ങളെ വസ്തു നിഷ്ടമായിട്ടു ഇന്ന് വരെ നിഷേധിച്ചിട്ടില്ല ആരും. ഗോള്‍ഫ് ക്ലബിലെ അന്ഗത്വം വ്യാന്ഗ്യമായനെങ്കിലും അംഗീകരിച്ചു വി എസ് . അല്പം കളി കഴിഞ്ഞാല്‍ അല്പം കുടിയും ആകാം എന്നു പറഞ്ഞ് നിസ്സാര്മാക്കുകയും ചെയ്തു ആദര്‍ശ നായകന്‍. ഇദേഹം തന്നെയാണ് കൊച്ചിയിലെ ടി കോമിന്റെ ചെയര്‍മാന്‍ കള്ളു കുടിക്കാനാണ് കേരളത്തില്‍ വരുന്നത് എന്നു വിളിച്ചു കൂവി പ്രവാസി മലയാളികളെ നാണം കെടുത്തിയത് എന്നോര്‍ക്കുമ്പോള്‍ ആണ് കാര്യങ്ങള്‍ അതിലേറെ രസകരമാവുന്നത്! മറ്റുള്ളവരെ പരിഹസിക്കുകയും വെട്ടയാടുകയുമാണ് എന്നും അദ്ധേഹത്തിന്റെ വഴി. ഇത്രയും കാലമായി കേരളത്തിന്റെ വികസനത്തിന് ക്രിയാത്മകമായി ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല നശീകരണ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കു വഹിച്ചു. 5  വര്‍ഷം കേരളം ഭരിച്ചിട്ടു ഒരു ചുക്കും ചെയ്തില്ലെന്ന് മാത്രമല്ല അവസാന കാലത്ത് ചില കോപ്രായങ്ങള്‍ കാട്ടി കൂട്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നോക്കി ജനാധിപത്യത്തെ കഴുവിലേറ്റാന്‍ നോക്കി.

എല്ലാ പ്രതി ലോമ ശക്തികളെയും എതിര്‍ക്കും എന്നു വീമ്പിളക്കുന്ന ആദര്‍ശ വാദി സ്വയം ഒന്നു തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും. സ്വന്തം മകന്റെ കാര്യത്തില്‍ ചില തീരുമാനങ്ങള്‍ എടുക്കുന്നത് നന്നായിരിക്കും. വിമര്‍ശനങ്ങളില്‍ കഠിനമായി അസഹിഷ്ണുത പുലര്‍ത്തുകയും വിമര്‍ശകരെ പൊതു  മധ്യത്തില്‍ വ്യക്തി ഹത്യ ചെയ്യുകയും ചെയ്യുന്ന ഇദ്ദേഹത്തെ ഇനിയും ആദര്‍ശ കേരളത്തിന്റെ സാമൂഹ്യ മനസ്സില്‍ പ്രതിഷ്ടിക്കുന്നത് വിഡ്ഢിത്വം ആണ്. കാരണം പുന്നപ്ര വയലാറില്‍ നിന്ന് മക്കാവിലേക്കുള്ള ദൂരം വളരെ കുറവാണ് ഈ കാലത്ത്..